Wednesday, February 5, 2025
Latestpolice &crime

വ്യാപാരിയുടെ കൊലപാതകം ദുരൂഹം, വെട്ടി നുറുക്കി പെട്ടിയിലാക്കി തള്ളി, കൊല നടത്തിയത് ഹോട്ടൽ മുറിയിൽ


കോഴിക്കോട് :വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അട്ടപ്പാടി ഒമ്പതാം വളവിൽ വച്ചാണ് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. വെട്ടി നുറുക്കി കഷണങ്ങളാക്കി പെട്ടിയിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഹോട്ടൽ മുറിയിൽ സിദ്ദിഖിന്റെ പേരിൽ രണ്ട് മുറിയെടുത്തിരുന്നു. സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ട് വഴി പണമിടപാട് നടന്നു. എടിഎം വഴി പണം പിൻവലിക്കുകയും ​ഗൂ​ഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നുവെന്ന് മകൻ  പറഞ്ഞു.

സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ്  പറഞ്ഞു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന്  കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി.ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നും ഇയാൾ പറഞ്ഞു.

ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശിയാണ് ഷിബിലി. സംഭവത്തിൽ ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആഷിക് കൊലപാതകം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുതൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വീട്ടിൽ നിന്നും പോയ വ്യാഴം രാത്രി ആണ് ഫോൺ സ്വിച് ഓഫ്‌ ആയത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മിൽ നിന്നാണ്. അന്ന് തന്നെയാണ് ഫോണിൽ നിന്ന് ഗൂഗിൾ പെ ഇടപാടും നടന്നത്.


Reporter
the authorReporter

Leave a Reply