കോഴിക്കോട്:ഫറോക്ക് പാലത്തിൻ്റെ നവീകരണവും അറ്റകുറ്റപണിയും നടത്തിയതിലെ അഴിമതി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്
ബി ജെ പി നേതൃത്വത്തിൽ മണ്ഡലം എം എൽ എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഫറോക്ക് പഴയപാലം റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു.പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.
ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.കേരളത്തിൽ നടക്കുന്ന വികസനം നീർക്കുമിള പോലെയാണെന്ന് പ്രകാശ് ബാബു പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പകരം മന്ത്രിയുടെ ബിനാമികളുടെ വികസനമാണ് ലക്ഷ്യമിടുന്നത്, പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രം ഫണ്ട് അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. ഒരു ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് പോലും പാലത്തിന് ലഭിച്ചിട്ടില്ല.കേന്ദ്രഫണ്ട് ഉപയോഗിച്ച് പുതിയ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പൊന്നത്ത് ഷൈമ അധ്യക്ഷം വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് വിന്ധ്യ സുനിൽ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് എം.വിജിത്ത്,പാർട്ടി ജില്ലാ സെക്രട്ടറി നാരങ്ങയിൽ ശശിധരൻ, ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത് ,രാജേഷ് പൊന്നാട്ടിൽ എന്നിവർ നേതൃത്വം നൽകി.