ജയ്പൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ സാധിക്കാത്തതിനാൽ മരണപ്പെട്ടെന്ന ആരോപണവുമായി കുടുംബം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവമുണ്ടായത്. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇവരെ ആംബുലൻസിന്റെ വാതിലിനുണ്ടായ തകരാർ മൂലം പുറത്തിറക്കാൻ സാധിച്ചില്ലെന്നാണ് പരാതി. ഇതിനിടെ സ്ത്രീ മരണപ്പെടുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു.
വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ വീട്ടുകാർ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സർക്കാറിന് വേണ്ടി സ്വകാര്യ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ ആംബുലൻസിന്റെ വാതിൽ 15 മിനിറ്റോളം തുറക്കാൻ സാധിച്ചില്ല. ഇതുമൂലം നിർണായകമായ സമയം നഷ്ടമായെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒടുവിൽ ആംബുലൻസിന്റെ ജനൽ പൊളിച്ച് സ്ത്രീയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആംബുലൻസിൽ ഓക്സിജൻ സംവിധാനം ഇല്ലായിരുന്നുവെന്നും ജീവനക്കാരുടെ പരിചയക്കുറവ് കാരണം ആശുപത്രിയിൽ എത്താൻ ദൈർഘ്യമേറിയ വഴിയാണ് തെരഞ്ഞെടുത്തതെന്നുമൊക്കെ ബന്ധുക്കൾ പരാതി ഉന്നയിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു. സംഭവം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയെന്നും അവർ ഉടൻ റിപ്പോർട്ട് നൽകുമെന്നും ഭിൽവാര ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ഡോ. സി.പി ഗോസ്വാമി പറഞ്ഞു.
അതേസമയം ആംബുലൻസിന്റെ ഡോർ തകരാറിലായത് കൊണ്ടാണ് രോഗി മരിച്ചതെന്ന ആരോപണം ആംബുലൻസ് ഓപ്പറേറ്റർ കമ്പനി നിഷേധിച്ചു. ആശുപത്രിയിൽ എത്തിയ ശേഷം ഒരേ സമയം പലരും ഡോർ തുറക്കാൻ ശ്രമിച്ചതാണ് തകരാറിന് കാരണമായത്. രാവിലെ 9.51ന് തങ്ങൾക്ക് ലഭിച്ച ഫോൺ കോൾ പ്രകാരം സ്ഥലത്തെത്തി രോഗിയെ 10.13ന് ആശുപത്രിയിൽ എത്തിച്ചതായും കമ്പനി പറയുന്നു. തെറ്റായ വഴിയിലൂടെയാണ് യാത്ര ചെയ്തതെന്ന ആരോപണവും തെളിവുകൾ പരിശോധിക്കുമ്പോൾ നിലനിൽക്കില്ലെന്ന് കമ്പനി പറഞ്ഞു. ഓക്സിജൻ ഇല്ലായിരുന്നെന്ന വാദവും കമ്പനി തള്ളുന്നു. ജനുവരി എട്ടാം തീയ്യതി ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തതാണെന്ന് കമ്പനി അറിയിച്ചു.