കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നഫോട്ടോസ് ആവശ്യപ്പെട്ട കാസർഗോഡ് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ ( 29 )നെ ബേപ്പൂർ പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസിൽ പഠിക്കുന്ന 15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയുടെ ഫോണിലേയ്ക്ക് പ്രതി വിളിച്ച് താൻ സിനിമാ സംവിധായകൻ ആണെന്നും, സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് വാട്സ് ആപ് വഴി മെസേജ് അയച്ചും നിരന്തരം പിൻതുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ബേപ്പൂർ പോലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കാസർഗോഡ് ഉണ്ടെന്ന് മനസ്സിലാക്കുകയും, ബേപ്പൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അംഗജൻ, CPO സരുൺ, ഫറോക്ക് ACP സ്ക്വോഡ് അംഗങ്ങളായ ASI അരുൺ, SCPO വിനോദ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.










