GeneralPolitics

കർശന സുരക്ഷ; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീ പോളിങ് തുടങ്ങി


ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ്. രാവിലെ മുതൽ 11 ബൂത്തുകളിലും വോട്ട് ചെയ്യാൻ ആളുകൾ എത്തി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 

ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ആയുധധാരികളായ ഒരു സംഘം ഈ പോളിങ് ബൂത്തുളിൽ അതിക്രമിച്ചു കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ചിലയിടത്ത് ബൂത്ത് പിടിക്കാനും ശ്രമം നടന്നു . ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിങ് യന്ത്രം തീവെച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ബൂത്തുകളിൽ റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

69.18 ശതമാനം പോളിങ് ആണ് ഏപ്രില്‍ 19 ന് നടന്ന വോട്ടെടുപ്പില്‍ മണിപ്പൂരില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത് . ഇന്നത്തെ തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ പോളിങ് ശതമാനം വർധിക്കാൻ സാധ്യതയുണ്ട്.


Reporter
the authorReporter

Leave a Reply