ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബംഗളൂരു സ്കൈഡെക്കിൻ്റെ നിർമ്മാണത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഏകദേശം 250 മീറ്റർ ഉയരമുണ്ടാകും. ബംഗളൂരു നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന രീതിയിലാകും കെട്ടിടത്തിന്റെ നിർമാണം. സ്കൈഡെക് പ്രൊജക്ടിന് അംഗീകാരം നൽകിയതായി മന്ത്രി എച്ച്.കെ പാട്ടീൽ വ്യക്തമാക്കി.
ഉയരം കണക്കിലെടുക്കുമ്പോൾ, 73 മീറ്റർ ഉയരമുള്ള ഡൽഹിയിലെ കുത്തബ് മിനാറിനേക്കാൾ മൂന്നിരട്ടിയിലധികം ഉയരം സ്കൈഡെക്കിന് ഉണ്ടാകും. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ CNTC പ്രസിഡൻഷ്യൽ ടവറിന് ഏകദേശം 160 മീറ്റർ ഉയരമുണ്ട്.
ബെംഗളൂരുവിലെ നൈസ് റോഡിനോട് ചേർന്നാണ് ടവർ നിർമിക്കുന്നത്. തുടക്കത്തിൽ, നഗരമധ്യത്തിൽ സ്കൈഡെക്ക് നിർമ്മിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും രണ്ട് പ്രധാന വെല്ലുവിളികൾ ഉയർന്നതിനാൽ സ്ഥലം മാറ്റുകയായിരുന്നു. സെൻട്രൽ ബെംഗളൂരുവിൽ 25 ഏക്കർ ഭൂമി കണ്ടെത്തുന്നത് ആയിരുന്നു ആദ്യ വെല്ലുവിളി. രണ്ടാമതായി, നഗരത്തിൻ്റെ പല പ്രദേശങ്ങളിലും സൈനിക സ്ഥാപനങ്ങൾ ഉള്ളതിനാൽ പ്രതിരോധ മന്ത്രാലയം എതിർപ്പ് ഉന്നയിച്ചു. സൈനിക സ്ഥാപനങ്ങൾക്കും വ്യോമത്താവളങ്ങൾക്കും സമീപമുള്ള കെട്ടിടത്തിന്റെ ഉയരം ഭീഷണി ഉയർത്തുമോ എന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ ആയിരുന്നു മറ്റൊരു വെല്ലിവിളി. ഇതോടെയാണ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് സ്കൈഡെക്ക് സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സ്കൈഡെക്ക് മെട്രോ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. അധിക സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ ഭാഗമാണ് എന്ന് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
സ്കൈഡെക്ക് പദ്ധതിക്ക് പുറമേ, 1,269 കോടി രൂപ ചെലവിൽ ഹെബ്ബാളിൽ നിന്ന് ബെംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്ക് ടു-വേ ടണലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി.














