Art & CultureLocal News

സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന്

Nano News

കോഴിക്കോട്:കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച് യാത്ര തുടരുന്ന സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന് ശനിയാഴ്ച കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയിൽ നടക്കും.
രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടികൾ.
പഞ്ചവാദ്യത്തോടെ അരങ്ങ് ഉണരും. തുടർന്ന് കൊടിയേറ്റം, ദീപപ്രോജ്ജ്വലനം, ആചാര്യവന്ദനം, സോപാന സംഗീതം, പഞ്ചരത്ന അഷ്ടപദി, അഷ്ടപദിലാസ്യം, സോപാനരാഗ കഥകളി പദങ്ങൾ, തൃദേശ സോപാനം, ഇടയ്ക്ക വിസ്മയം, സാംസ്കാരിക സഭ, പുരസ്‌കാരസമർപ്പണം, പ്രസിദ്ധ സോപാന സംഗീത കലാകാരന്മാരായ അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു, ഗുരുവായൂർ ജ്യോതിദാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ പരം സോപാന സംഗീത ഗായകർ പങ്കെടുക്കുന്ന ശതസോപാന സമന്വയം, വിദ്യാധരൻ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി ദേവഗീതം എന്നിവ നടക്കും.
സാംസ്കാരിക സഭ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്‌കാരങ്ങൾ സമർപ്പിക്കും. ഞെരളത്ത് രാമദാസ് പൊതുവാൾ, കടന്നപ്പള്ളി ബാലകൃഷ്ണ മാരാർ, ഡോ ബാലുശ്ശേരി കൃഷ്ണദാസ്, പല്ലാവൂർ വാസു പിഷാരടി, ഡോ എടക്കാട് രാധാകൃഷ്ണ മാരാർ, പെരിങ്ങോട് സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. ചാലിൽ മോഹന മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, റെഷി വലിയകത്ത് എന്നിവരെ ആദരിക്കും. കേന്ദ്ര സംഗീത നാടക അക്കാദമി വിദഗ്ധ സമിതി അംഗം ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ മാതൃഭൂമി ചെയർമാൻ പി വി ചന്ദ്രൻ എന്നിവർ മുഖാതിഥികളായി പങ്കെടുക്കും.

 


Reporter
the authorReporter

Leave a Reply