മലപ്പുറം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് സമയ പരിധി സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 26ന് അവസാനിക്കാനിരിക്കെ 10 ലക്ഷത്തിലേറെ പേർക്ക് മസ്റ്ററിങ് നടത്താനായിരുന്നില്ല. സോഫ്ട്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ കാരണമാണ് പലയിടത്തും മസ്റ്ററിങ് മുടങ്ങിയത്.
കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിങ് അതത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂർത്തീകരിച്ച് വരികയാണ്. പെൻഷൻ വിഹിതം ലഭിക്കുന്നതിന് മസ്റ്ററിങ് നിർബന്ധമാണ്. സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്തേണ്ട 10,86,808 പേർ ഇത് വരെ മസ്റ്ററിങ് നടത്തിയിട്ടില്ലെന്നതാണ് കണക്ക്. ആകെയുള്ള 63,14,892 ഗുണഭോക്താക്കളിൽ 52,28,084 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. മസ്റ്ററിങ് നടത്താത്തവരിൽ മരിച്ചവരും ഉൾപ്പെടുമെങ്കിലും കൂടുതൽപേരും ഹാജരാകാത്തവരാണ്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച മസ്റ്ററിങ് 24ന് അവസാനിക്കും. ഇന്ന് ചൊവ്വാഴ്ച പൊതു അവധിയായതിനാൽ മസ്റ്ററിങ് സാധ്യമല്ല. മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. അനർഹർ പെൻഷൻ കൈപ്പറ്റുന്നുവന്ന പരാതിയെ തുടർന്നാണ് മസ്റ്ററിങ് നിർബന്ധമാക്കിയത്. ഇതിനേത്തുടർന്ന് നിരവധി അനർഹരെ കണ്ടെത്താനായി.