കോഴിക്കോട്: ഞായറാഴ്ച രാത്രി മംഗളൂരു സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വെള്ളയിൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു കല്ലേറ് നടന്നത്. തമിഴ്നാട് കടലൂർ സ്വദേശിയായ കെ രാജിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ എം 2 കോച്ചിന്റെ ജനൽ ഗ്ലാസ് തകർന്നുവെങ്കിലും ഭാഗ്യവശാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിരുന്നില്ല. കോഴിക്കോട് ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കല്ലെറിയുകയോ റെയിൽവേ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന കുറ്റവാളികൾക്ക് കർശനമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് റെയിൽവെ അറിയിച്ചു. ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്ഷൻ 153 പ്രകാരം, അത്തരം കുറ്റകൃത്യങ്ങൾ ജാമ്യമില്ലാ കുറ്റവും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ ഏതൊരു പ്രവർത്തനവും അടുത്തുള്ള ആർപിഎഫ് പോസ്റ്റിലോ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 139 നമ്പറിലോ അറിയിക്കണമെന്നും റെയിൽവെ അറിയിച്ചു.