കോഴിക്കോട്: പതിനേഴാമത് റോള്‍ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ് റൗണ്ട്് മത്സരത്തിലും എറണാകുളം ഒന്നാം സ്ഥാനത്തെത്തി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ടീമുകള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പന്തീരാങ്കാവ് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ നടക്കുന്ന മത്സരം കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. റോള്‍ ബോള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കായിക മത്സരമാണെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അതിനായി ശ്രമിക്കുമെന്നും റോള്‍ ബോള്‍ മത്സരങ്ങള്‍ക്ക്് ഉതകുന്ന കോര്‍ട്ടുകള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കായിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജീഷ് വെണ്‍മരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ. രാജ്മോഹന്‍ പിള്ള, സെക്രട്ടറി സജി.എസ്, ട്രഷറര്‍ എ.നാസര്‍, റോള്‍ ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒബ്സര്‍വര്‍ സ്റ്റീഫന്‍ ഡേവിഡ്, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍, ഓക്സ്ഫോര്‍ഡ് സ്‌കൂള്‍ മാനേജര്‍ ഷാജഹാന്‍ ജി.എം എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഷജീഷ് കെ. സ്വാഗതവും കോഴിക്കാട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ വേണുഗോപാല്‍ ഇ.കെ. നന്ദിയും പറഞ്ഞു.