പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടനുബന്ധിച്ച് ജമ്മു കശ്മീരിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിലയുറപ്പിച്ച സൈനികർക്കൊപ്പമാണ് ഈ വർഷം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.
“ഞാൻ ഇവിടെ വന്നത് നിങ്ങളുടെ പ്രധാനമന്ത്രിയായല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹം നിങ്ങൾക്കുണ്ട്,” നൗഷേരയിൽ സൈനികരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എംഎം നരവാനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രദേശങ്ങൾ സന്ദർശിച്ചു.