പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് മൂന്നോടെ നടക്കുന്ന കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികള്‍ പ്രാധാന്യം നല്‍കുക.
മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലിസും അതീവ ജാഗ്രതയില്‍ തയ്യാറാണ്. എല്‍.ഡി.എഫിനായി ഡോ. പി സരിനും യു.ഡി.എഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബി.ജെ.പിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
അതിനിടെ ഇരട്ട വോട്ട് വിവാദം എല്‍.ഡി.എഫ് ഇന്നും പ്രചാരണ ആയുധമാക്കും .വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയും യു.ഡി.എഫും ശ്രമിക്കുന്നുവെന്നാണ് എല്‍.ഡി.എഫ് ആരോപണം .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം സിപിഎം കോടതിയെ സമീപിക്കുന്നതിൽ ആത്മാർത്ഥത ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകി. സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം? ഇരട്ട വോട്ടുകൾ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.