Monday, November 25, 2024
General

നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം, പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റിയതിലും അന്വേഷണം


കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്.

പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പൊലീസ് നിഗമനം. ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. പടക്കം പൊട്ടിക്കാൻ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടത്തിൽ 154പേര്‍ക്കാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെയുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. അഞ്ചുപേരും വെറ്റിലേറ്ററിലാണ്. അപകട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തിൽ പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.

പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

മംഗളൂരു എജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 21 പേരാണ്. ഇതിൽ എട്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 30% വരെ പൊള്ളലേറ്റവരുണ്ട്. അവരെ ആണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.

കോഴിക്കോട് മിംസിൽ ആറു പേരാണ് ചികിത്സയിലുളളത്. 4 പേർ വെന്റിലേറ്ററിലാണ്. ഷിബിൻ രാജ് , ബിജു, വിഷ്ണു, രതീഷ് എന്നിവരാണ് വെന്റിലേറ്ററിലുളളത്. കണ്ണൂർ മിംസിൽ 25 പേർ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ 5 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ആസ്റ്റർ മിംസിൽ 24 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലിൽ ചികിത്സയിലുളള രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ചയെന്ന് പൊലീസ്

ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയിൽ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം. ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ സുരക്ഷ പോലും ഒരുക്കിയിരുന്നില്ല.

പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകള്‍ ഇരുന്നിരുന്നുവെന്നും നിലവില്‍ അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി ശില്‍പ പറഞ്ഞു.


Reporter
the authorReporter

Leave a Reply