വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിനു പ്രൗഢമായ തുടക്കം
കോട്ടയ്ക്കൽ: സാമൂഹിക രാഷട്രീയ പ്രശ്നങ്ങളിലേക്കും ശാസ്ത്ര വിജ്ഞാന മണ്ഡലങ്ങളിലേക്കും പുതുതലമുറയുടെ ശ്രദ്ധ ക്ഷണിക്കാനും അവരെ ഇടപെടുവിക്കാനും പുതിയ സംവേദനമാദ്ധ്യമങ്ങൾ വികസിപ്പിക്കണമെന്ന് സാംസ്കാരികപ്രവർത്തകയും അഭിനേത്രിയുമായ സജിത മഠത്തിൽ പറഞ്ഞു. നാലാമത് വികെഎസ് ശാസ്ത്രസാംസ്കാരികോത്സവം കോട്ടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1980കളിൽ ജനങ്ങളോടു സംവദിക്കാൻ വികസിപ്പിച്ച ശാസ്ത്രകലാജാഥ ആ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യവും സഫലവുമായിരുന്നു. പുതിയ സ്വഭാവവിശേഷങ്ങളും ചിന്താഗതികളുമുള്ള തലമുറകളെയാണ് ഇന്ന് അഭിസംബോധന ചെയ്യേണ്ടത്. വി. കെ. ശശിധരൻ്റെ സവിശേഷതയാർന്ന ഗാനരീതികൾപോലെ ഇന്നിനു പറ്റിയ പുതിയ കലാവിഷകാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് സജിത മഠത്തിൽ അഭിപ്രായപ്പെട്ടു.
കേരളത്തിൽ അന്യമായിരുന്ന ഇൻഡിപ്പെൻഡൻ്റ് മ്യൂസിക്കിനു തുടക്കം കുറിച്ച അഗ്രഗാമി ആയിരുന്നു വികെഎസെന്ന വി. കെ. ശശിധരനെന്ന് വികെഎസ് അനുസ്മരണപ്രഭാഷണം നിർവ്വഹിച്ച കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ബ്രഹ്തിയൻ സംഗീതപദ്ധതിയെ കേരളം കണ്ട ഏറ്റവും ശക്തമായ ജനകീയസംഗീതപദ്ധതിയാക്കി വികസിപ്പിച്ചതാണ് വികെഎസിൻ്റെ പ്രധാനസംഭാവന. ഏകാകിതയുടെ ആന്തരികലോകത്തേക്കും സംഘപ്രതിരോധത്തിൻ്റെ വലിയ തുറസ്സിലേക്കും ഒരേ സമയം പകർന്നൊഴുകിയ വികെഎസിൻ്റെ വൈരുദ്ധ്യാത്മകസംഗീതഭാവുകത്വം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ യത്നിക്കുകയാണ് നമ്മുടെ കടമയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡൻ്റ് ടി. കെ. മീരാഭായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസീഷ്യനുമായ ഡോ. പി. മാധവൻകുട്ടി വാരിയർ മുഖ്യാതിഥിയായി. പരിഷത്തിൻ്റെ കല-സംസ്കാരം കൺവീനർ എസ്. ജയകുമാർ ആമുഖം അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ, വാർഡ് കൗൺസിലർ സനില പ്രവീൺ, പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, ജിആർ എച്ഛ്എസ്എസ് ഹെഡ്മിസ്ട്രസ് വി. ജെ. ബബിത, എസ്. രാജശേഖരൻ എന്നിവർ സംബന്ധിച്ചു. വികെഎസ് ആവിഷ്കരിച്ച ഗാനങ്ങളുടെ ആലാപനത്തോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിന് സ്വാഗതസംഘം ചെയർപേഴ്സൺ കെ. പദ്മനാഭൻ മാസ്റ്റർ സ്വാഗതവും ജനറൽ കൺവീനർ എസ്. ജയശങ്കർ പ്രസാദ് നന്ദിയും പറഞ്ഞു.
രണ്ടുദിവസത്തെ ശാസത്രസാംസ്കാരികോത്സത്തിൽ ആദ്യദിവസം ഉച്ചയ്ക്കുശേഷം വിവിധ വിഷയങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ ആലങ്കോട് ലീലാകൃഷ്ണൻ, ജി. രാജശേഖരൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. എം. അനിൽ, , ടി.വി. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. എൻ. വേണുഗോപാലൻ രചിച്ച ‘ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ’ എന്ന പുസ്തകം ഡോ. കെ. എം. അനിൽ പ്രകാശനം ചെയ്തു.
വിജില്ലകളിലെ പരിഷത് പ്രവർത്തകർ അവതരിപ്പിച്ച രാഗമാലിക, ലഘുനാടകം, ഏകപാത്രനാടകം, ശാസ്ത്ര കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ പഴയകാല പരിഷത്പ്രവർത്തകരെ ആദരിച്ചു. സാംസ്കാരികോത്സവം നാളെ വൈകിട്ട് സമാപിക്കും.