ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും സംഘടനാപാടവവും വ്യക്തവും തൻ്റേതായ ശൈലിയിലുള്ള വാക്കുകൾ കൊണ്ട് ജനശ്രദ്ധയാകർഷിച്ച വനിതാരാഷ്ട്രീയ നേതാക്കളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന നേതാവ് .
കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് സ്വദേശിനിയായ നവ്യാ ഹരിദാസ് ബാല്യകാലം മുതൽ ബാലഗോകുലത്തിൻ്റെ സജീവ പ്രവർത്തകയായിരുന്നു.
2015 മുതൽ ഭാരതീയ ജനതാ പാർട്ടി യിലൂടെ രാഷ്ട്രീയ രംഗത്തേക്കെത്തിയ നവ്യാ ഹരിദാസ് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഹൈദരാബാദിൽ എച്ച്.എസ്.ബി.സിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്ത് കൊണ്ടിരിക്കെ ജോലി രാജി വെച്ച് 2015ൽ കോഴിക്കോട് കോർപ്പറേഷൻ കാരപറമ്പ് 69-ാം ഡിവിഷനിൽ നിന്നും ബി.ജെ.പി.സ്ഥാനാർത്ഥിയായി മത്സരിച്ച് സി.പി.എമ്മിൻ്റെ കുത്തക സീറ്റ് പിടിച്ചെടുത്തു കൊണ്ടായിരുന്നു നവ്യാ ഹരിദാസിൻ്റെ രാഷ്ട്രീയ പ്രവേശനം.തുടർന്ന് 2020 ലും ഇതേ ഡിവിഷനിൽ നിന്നും രണ്ടാം തവണയും വിജയിച്ച നവ്യാ ഹരിദാസ് നിലവില്‍ കോഴിക്കോട് കോർപ്പറേഷൻ ബി.ജെ.പി. പാർലിമെൻ്ററി പാർട്ടി ലീഡറും,മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്..2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നവ്യാ ഹരിദാസിന് സാധിച്ചു.2024 ൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രിയങ്കാവധ്രയോട് മത്സരിച്ച് ദേശീയ ശ്രദ്ധയാകർഷിച്ച മഹിളാ നേതാവാണ് നവ്യാ ഹരിദാസ്. നിറപുഞ്ചിരിയുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്സിൽ ഇടം പിടിക്കുവാനുള്ള തൻ്റേതായ ശൈലിയാണ് നവ്യാ ഹരിദാസിനെ മറ്റ് മഹിളാ നേതാക്കളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
മഹിളാമോർച്ചയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ച നവ്യാ ഹരിദാസ് യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറാനും സംസ്ഥാന രാഷ്ട്രീയത്തിലെത്താനും ഏറെ സമയമെടുത്തില്ല. ഈ കാലയളവിൽ കേരളം കണ്ട നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചു.
ചേളന്നൂരിലെ ‘നന്ദന’ത്തിൽ ഹരിദാസൻ ശകുന്തള ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഇളയ മകളാണ് നവ്യാ ഹരിദാസ്.കണ്ണൂർ സ്വദേശിയും സിങ്കപ്പൂരിൽ മറൈൻ എഞ്ചിനീയറുമായ ഷോബിൻ ശ്യാം ഭർത്താവും സ്വാതിക് ഷോബിൻ, ഇഷാന ഷോബിൻ എന്നിവർ മക്കളുമാണ്.