കോഴിക്കോട്: ലൈറ്റുകൾ കണ്ണടച്ച് ഇരുട്ടിലായ മിഠായിത്തെരുവ് വീണ്ടും പ്രകാശപൂരിതമാവുന്നു. മിഠായിത്തെരുവിന്റെ മേലാപ്പിൽനിന്ന് എടുത്തുമാറ്റിയ ഉണ്ട വിളക്കുകൾക്ക് പകരം 80 വാട്ടിന്റെ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. നഗരത്തിലെ തെരുവുവിളക്കുകളുടെ പരിപാലന ചുമതലയുള്ള കിയോണിക്സ് (കർണാടക സ്റ്റേറ്റ് ഇലക്ടട്രോണിക്സ് കോർപറേഷൻ) ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 12 പുതിയ വിളക്കുകളാണ് സ്ഥാപിച്ചത്.
ശനിയാഴ്ച സ്ഥാപിച്ചു തുടങ്ങിയ ലൈറ്റുകൾ ഞായറാഴ്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. നേരത്തേ മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് കമാനത്തിലായിരുന്നു അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. ഇവക്ക് പകരം കമാനത്തിന്റെ ഇരുമ്പ് കാലിന്റെ സൈഡിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്. കിഡ്സൺ കോർണർ, പി.എം. താജ് റോഡ് ജങ്ഷൻ, കോർട്ട് റോഡ് ജങ്ഷൻ, പാഴ്സി ടെമ്പിളിനു സമീപം, കോയൻകോ ജങ്ഷൻ, എം.പി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.
ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി 2017ൽ സ്ഥാപിച്ച ഗോളാകൃതിയിലുള്ള അലങ്കാര വിളക്കുകളിൽ വെള്ളംനിറഞ്ഞ് പൊട്ടിവീണ് അപകടാവസ്ഥയിലായതോടെ അഴിച്ച് മാറ്റിയിരുന്നു. തകരാറിലായ ലോമാസ് വിളക്കും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകളും മാറ്റി സ്ഥാപിക്കാൻ നേരത്തേ കോർപറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി തീരുമാനിച്ചിരുന്നു. പ്രതിവർഷം 72007 രൂപ നിരക്കിലാണ് മിഠായിത്തെരുവിലെ ലൈറ്റുകളുടെ പരിപാലനം കിയോണിക്സിനെ ഏൽപ്പിച്ചത്. നഗരസഭയിലെ തെരുവുവിളക്കുകൾ പരിപാലിക്കുന്ന സ്ഥാപനമാണ് കിയോണിക്സ്.