കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച്ച രാവിലെ 10.30 നാണ് സംഭവം. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം
കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്, തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികളാണ് പിടിച്ചിട്ടിരുന്നത്. പിന്നീട് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇതിനുപുറമേ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനവും തകരാറിലായി. ഇതും ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.
ഇന്ന് രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷന്‍, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്.