കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു സംഭവത്തില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി എംഡിയോയാണ് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
അതേസമയം അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരുക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീയായെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. 40ലധികം പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ് പുഴയില്‍ നിന്ന് പുറത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പുഴയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള പരിശോധനയും സ്ഥലത്ത് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞത്. ബസ് തലകീഴായി മറിയുകയായിരുന്നു. കലുങ്കില്‍ ഇടിച്ചശേഷമാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസ് കുത്തനെ വീണതോടെ പിന്‍ഭാഗത്തുണ്ടായിരുന്നവരും മുന്നിലേക്ക് വീണു. ഇതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.