Friday, January 24, 2025
General

കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് തുടക്കം


കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് ഇന്ന് തുടക്കമാകും. വൈകിട്ട് 7-ന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ സ‍ർവ്വകലാശാലയുടെ ചാൻസിലർ ചെൻരാജ് റോയ്ചന്ദ്, പ്രൊ വൈസ് ചാൻസിലർ ജെ ലത, ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് രൂപകൽപ്പന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ചചെയ്യും. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും നടക്കും.

കൗതുകവും വിജ്ഞാനവും പകരുന്ന റോബോട്ടിക് എക്സ്പോ മേളയുടെ പ്രത്യേകതയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി, എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉച്ചകോടിയിൽ ഉണ്ടാകും. ഭാവിയിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന്റെ പ്രതീകമായി ടെസ്‌ല മോഡൽ എക്സ് കാണാനും സാങ്കേതികവിദ്യയെക്കുറിച്ച് അറിവ് നേടാവും മേളയിൽ അവസരമുണ്ട്. ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ “സ്പേസ് ഓൺ വീൽ” എക്സിബിഷൻ ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടും. കൂടാതെ എക്സ്പോ കേരളത്തിന്റെ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൂടിയാകും. കൂടാതെ സുസ്ഥിര ഫാഷൻ ഷോ, റോബോ സോക്കർ, റോബോ വാർ പോലുള്ള മത്സരങ്ങളും സമ്മിറ്റിൻ്റെ ആകർഷണമാണ്.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ , കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്ത് ആഗോള പ്രദേശിക വെല്ലുവിളികളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

ചർച്ചകൾക്ക് പുറമെ പുറമേ, ഭാവി സാങ്കേതികവിദ്യ, ഹരിത നവീകരണം, സംരംഭകത്വം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസ്റ്റർ ക്ലാസുകളും വർക്ക് ഷോപ്പുകളും ഉച്ചകോടിയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും ആറ് മണി മുതൽ നടക്കുന്ന സാംസ്കാരിക പരിപാടി മേളയ്ക്ക് ഉത്സവാന്തരീക്ഷം നൽകും. അർമാൻ മാലിക്, വെൻ ചായ് മെറ്റ് ടോസ്റ്റ്, മസാല കോഫീ തുടങ്ങി വിവിധ ബാൻഡുകൾ സംഗീത സന്ധ്യയുടെ ഭാഗമാകും. വിവിധ രുചികൾ അറിയുന്നതിന് ഫുഡ് സ്ട്രീറ്റും കരകൗശല വസ്തുക്കൾ അടക്കമുള്ളവയുടെ പ്രദ‍ശനവും വിൽപനയും നടക്കുന്ന ഫ്ലീ മാ‍ർക്കറ്റും മേളയുടെ പ്രത്യേകതയാണ്.

26 മുതൽ ഭാവി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭൂമി, സർഗ്ഗാത്മകത, സംരംഭകത്വവും നവീനതയും, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളിൽ പാനൽ ച‍ർച്ച നടക്കും. ഡോ ശശി തരൂർ എംപി, എൻ എസ് കെ ഉമേഷ് ഐഎഎസ്, ടോം ജോസ് ഐഎഎസ്, ടി പി ശ്രീനിവാസൻ, ക്രിസ് വേണുഗോപാൽ, ഡോ ബി സന്ധ്യ ഐപിഎസ് തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കും. പൊതുജനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉച്ചകോടിയിൽ പ്രവേശനമുണ്ട്. അമ്പത് രൂപ മുതലാണ് പ്രവേശന ഫീ ആരംഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഗീത നിശയ്ക്ക് ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.


Reporter
the authorReporter

Leave a Reply