Thursday, January 23, 2025
sports

ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം


ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടിയ ഝാർഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടാനായില്ല. 24 റൺസെടുത്ത പി അഖിലയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അജന്യ ടി പി 17ഉം നിത്യ ലൂർദ്ദ് 16ഉം, ദിയ ഗിരീഷ് 14ഉം റൺസ് നേടി. ഝാർഖണ്ഡിന് വേണ്ടി ഷംപി, ചന്ദ്മുനി പൂർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു. ഇഷ കേശ്രി 16ഉം ശിഖ 17ഉം റൺസെടുത്തു. ഇവരൊഴിച്ച് മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 19.4 ഓവറിൽ 101 റൺസിന് ഝാർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.


Reporter
the authorReporter

Leave a Reply