കാട്ട് ഓര്‍ക്കിഡ് സംരക്ഷണത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം
കോഴിക്കോട്: തുടര്‍ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കോഴിക്കോട് കാപ്പാട് ബീച്ച്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിപാലിച്ചുവരുന്ന ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്‌ളാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല്‍ വിഷയ വിഭാഗത്തിലാണ് അവാര്‍ഡ്. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ (എഫ്.ഇ.ഇ) ആണ് അവാര്‍ഡ് നല്‍കുന്നത്.
പ്രാദേശിക ഓര്‍ക്കിഡ് ഇനങ്ങളെ പുനരുദ്ധരിക്കുകയും തേനീച്ചകളും ശലഭങ്ങളും പോലുള്ള പരാഗണകാരികളെ സംരക്ഷിക്കുകയുമാണ് കാപ്പാട് പദ്ധതിയിലൂടെ നടപ്പാക്കി വരുന്നത്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം തുടങ്ങി ബ്ലൂ ഫ്‌ളാഗ് മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയില്‍ സസ്യ വളര്‍ത്തലിലും ആവാസവ്യവസ്ഥ പുനരുദ്ധാരണത്തിലും ശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നാണ് കാപ്പാട് പദ്ധതി നടപ്പാക്കിയത്.
ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലും ബീച്ച് പരിപാലന രീതികളുമായി സമന്വയിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രതിബദ്ധതയാണ് കാപ്പാടിലൂടെ പ്രതിഫലിക്കുന്നതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പഠനത്തിന്റെ വിശദാംശങ്ങള്‍ എഫ്.ഇ.ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ ചാല്‍ ബീച്ച് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 13 ബീച്ചുകളാണ് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.










