പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി . രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉത്സവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറി. സര്‍ക്കാർ നിര്‍ദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്.
14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കുക. 200 പേര്‍ക്കാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. അതേസമയം 200 പേരെക്കൊണ്ട് വലിയ രഥം വലിക്കാനാകില്ല എന്ന് ഉത്സവക്കമ്മറ്റി അറിയിച്ചിരുന്നു. ഇതിനാൽ ദേവരഥ സംഗമത്തിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ക്ഷേത്ര ഭാരവാഹികൾ ജില്ലാ കളക്ടറുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും