തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്കാരിക എന്നീ പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് അവലോകനയോഗത്തിലെ വിലയിരുത്തൽ. മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ഹൈറിസ്ക് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറൻ്റൈൻ ഉറപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു.നിലവിൽ കേരളത്തിൽ 181 ഒമൈക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ രണ്ട് ശതമാനം കുട്ടികൾക്ക് നൽകി.