കോഴിക്കോട്: കുന്ദമംഗലം മുറിയനാൽ ചൂലംവയൽ പ്രദേശത്ത് കുടിവെള്ളം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
എത്രയും വേഗം കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ജല അതോറിറ്റി മലാപറമ്പ റൂറൽ വാട്ടർ സപ്ലൈ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.