കോഴിക്കോട്: അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയുമുള്ള ജീവിതത്തെപ്പോലെ തന്നെ പ്രധാനമാണ് അന്തസ്സുള്ള മരണവുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും പൂക്കോയ തങ്ങൾ ഹോസ്പിസും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിരക്ഷാ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദുരിതപൂർണമായ ജീവിതത്തിനൊടുവിൽ മരണത്തെ പുൽകാൻ ആഗ്രഹിച്ച ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ പ്രതീക്ഷകൾ നൽകിയും അവരുടെ അന്തസുള്ള മരണത്തിന് കാരണമാവുകയും ചെയ്യുകയെന്ന അതിമഹത്തായ സുകൃതമാണ് കഴിഞ്ഞ 5 വർഷക്കാലമായി പൂക്കോയ തങ്ങൾ ഹോസ്പിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ആ നന്മകൾക്കൊപ്പം നിൽക്കാൻ സന്നദ്ധമായി വരുന്ന സംവിധാനങ്ങളൊക്കെയും മനുഷ്യത്വത്തിൻ്റെ നിർവചനങ്ങളാണ്. അദ്ദേഹം കൂട്ടി ചേർത്തു. ദി ഐ ഫൗണ്ടേഷൻ പി ടി എച്ചിൻ്റെ മുഴുവൻ വളണ്ടിയർമാർക്കും നൽകുന്ന ലൈഫ് ലോംഗ് ഫാമിലി പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനവും തങ്ങൾ നിർവഹിച്ചു.
പി ടി എച്ച് സംസ്ഥാന ട്രഷറർ വി എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ എം എ അമീറലി പദ്ധതി വിശദീകരിച്ചു. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ , മലയാള മനോരമ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ വിശിഷ്ഠാതിഥികളായിരുന്നു. ദ ഐ ഫൗണ്ടേഷൻ കേരള റീജിയണൽ ഹെഡ് തമിഴ് ശെൽവൻ ,ജില്ലാ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, പി ടി എച്ച് സംസ്ഥാന സമിതി അംഗം പി ടി എം ഷറഫുന്നീസ ടീച്ചർ, ഐ ഫൗണ്ടേഷൻ കോഴിക്കോട് യൂണിറ്റ് അസി.മാനേജർ കൃഷ്ണാനന്ദ് പ്രസംഗിച്ചു. സീനിയർ ഒഫ്താൽമോളജിസ്റ്റുകളായ ഡോ വിശേഷ്, ഡോ ശ്രുതി പി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ദി ഐ ഫൗണ്ടേഷൻ സെൻ്റർ മാനേജർ സജിത്ത് കണ്ണോത്ത് സ്വാഗതവും പി ടി എച്ച് വളണ്ടിയർ ട്രൈനിംഗ് കോർഡിനേറ്റർ എം ടി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സാന്ത്വന പരിചരണ മേഖലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസും കഴിഞ്ഞ 40 വര്‍ഷമായി നേത്രരോഗ ചികിത്സാ രംഗത്ത് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഐ ഫൗണ്ടേഷനും സംയുക്തമായി ആചരിക്കുന്ന കാമ്പയിന്റെ ഭാഗമായി പി.ടി.എച്ച്. വളണ്ടിയര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പി.ടി.എച്ചിന്റെ പരിചരണത്തിലുള്ള രോഗികള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.
പി ടി എച്ച് പരിചരണത്തിലുള്ള നിർധനരായ രോഗികൾക്ക് റഫറൻസ് അടിസ്ഥാനത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ഇതിൻ്റെ ഭാഗമാണ്.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത് 2020 ആഗസ്ത് 15ന് പ്രവര്‍ത്തനമാരംഭിച്ച പൂക്കോയ തങ്ങള്‍ ഹോസ്പിസിന്റെ കീഴില്‍ അമ്പതോളം പാലിയേറ്റീവ് കെയര്‍ സെന്ററുകളും അയ്യായിരത്തോളം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുമുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി അതിനൂതന ചികിത്സാ സംവിധാനങ്ങളുള്ള നാൽപതിലധികം കണ്ണാശുപത്രികളുടെ ശൃംഖലയാണ് ദി ഐ ഫൗണ്ടേഷന്‍.