ബാലുശ്ശേരി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടത് തുടർ ഭരണം ജനങ്ങൾക്ക് മഹാ ദുരന്തമാണ് സമ്മാനിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ പറഞ്ഞു. യുവമോർച്ച കോഴിക്കോട് ജില്ലാ പഠനശിബിരത്തിന്റെ സമാപന സമ്മേളനം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നില്ല. ദളിത് പീഡനം വർദ്ധിച്ചു. മുഷിഞ്ഞ വസ്ത്രം ധരിച്ചവരെ ആൾകൂട്ടം കൊലപ്പെടുത്തുന്നു. മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നു. എല്ലാ രംഗത്തും പരാജയമായി ഇടതു ഭരണം മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സങ്കുചിത ചിന്തയിലേക്ക് കൊണ്ടുപോകുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്.
എൽ ഡി എഫും യൂഡിഎഫും ഒറ്റെ കെട്ടായി ബി ജെ പിക്കെതിരെ രംഗത്ത് വരുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറി എന്നതാണ് സൂചിപ്പിക്കുന്നത്. പുതിയ ഭാരതത്തോടൊപ്പം കേരളത്തെയും ചേർത്ത് നിർത്താൻ യുവാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ , വൈസ് പ്രസിഡണ്ട് അഡ്വ. കെ.വി സുധീർ, യുവമോർച്ച പ്രഭാരി സി.പി. സതീഷ് ,
ബി ജെ പി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, സംസ്ഥാന കൗൺസിൽ അംഗം ടി.എ നാരായണൻ , വാസുദേവൻ നമ്പൂതിരി, പ്രഭീഷ് മാറാട്, ഹരിപ്രസാദ് രാജ , മിഥുൻ മോഹൻ , ശബരി മണ്ടയാട് എന്നിവർ സംസാരിച്ചു.