Thursday, December 26, 2024
Latest

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഹജ്ജ് ഫ്ലൈറ്റ് സർവീസുകൾ ജൂൺ നാലിന് ആരംഭിക്കും കളർ-കോഡുചെയ്ത പൗച്ചുകളും പ്രത്യേക സഹായവും ലഭ്യമാക്കും


കോഴിക്കോട്: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് (എഐഎക്സ്എൽ) 2023 ജൂൺ നാലിന് കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും സർക്കാർ ഹജ്ജ് ചാർട്ടർ സർവീസുകൾ ആരംഭിക്കും. ഇതാദ്യമായാണ് എയർലൈൻ ഹജ്ജ് സർവീസ് നടത്തുന്നത്.
കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനമായ ഐഎക്സ് 3027 ഇന്ത്യൻ സമയം പുലർച്ചെ 1:45 ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 5:45 ന് ജിദ്ദയിലെത്തും. ക്യാബിൻ ക്രൂ അംഗങ്ങളായ പ്രവീൺ നായിക്, ദീപക് വർമ, സച്ചിൻ കുമാർ, മോണിക്ക ദത്ത എന്നിവർക്കൊപ്പം ക്യാപ്റ്റൻ ഉജ്ജ്വൽ മെഹ്റ, ഫസ്റ്റ് ഓഫീസർ സങ്കേത് അബറാവോ കോമത്വാർ എന്നിവരാകും വിമാന സർവീസ് നിയന്ത്രിക്കുക.
കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം ഐഎക്സ് 3031 ഇന്ത്യന്‍ സമയം പുലർച്ചെ 4.25ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8.25ന് ജിദ്ദയിലെത്തും. ക്യാപ്റ്റൻ നവദീപ് സിംഗ്, ഫസ്റ്റ് ഓഫീസർ പ്രതീക് ഷെഖാവത്ത്, ക്യാബിൻ ക്രൂ അംഗങ്ങളായ സഞ്ജീത് കുമാർ എം, ഹർഷിത മണിഹാർ, കങ്കണ ചൗധരി, മോനിഷ ആർ എന്നിവരാണ് സർവീസ് നിയന്ത്രിക്കുക.
രണ്ട് ഘട്ടങ്ങളിലായാണ് സർക്കാർ ഹജ്ജ് ചാർട്ടറുകൾ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 44 വിമാനങ്ങളും കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് 13 വിമാനങ്ങളും സർവീസ് നടത്തും. 8236 ഹജ്ജ് തീർത്ഥാടകരെ ജിദ്ദയിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ മദീനയിൽ നിന്ന് കോഴിക്കോട്ടേക്ക് 44 വിമാനങ്ങളും മദീനയിൽ നിന്ന് കണ്ണൂരിലേക്ക് 13 വിമാനങ്ങളും സർവീസ് നടത്തും.
തടസ്സമില്ലാത്ത യാത്രാ അനുഭവം ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് എയർപോർട്ട് സർവീസ് ഓഫീസർമാരെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളെയും വിന്യസിച്ച് തുടർച്ചയായ സഹായവും പിന്തുണയും നൽകും.
പ്രായമായ തീർഥാടകർക്ക് അവരുടെ ബോർഡിംഗ് പാസുകൾ കൈവശം വയ്ക്കാൻ എയർലൈൻ കളർ കോഡുള്ള പൗച്ചുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനും ബാഗേജ് തെറ്റായി കൈകാര്യം ചെയ്യുന്നത് തടയുന്നതിനുമായി കടും നിറമുള്ള ലഗേജ് ടാഗുകളും അവതരിപ്പിച്ചു. മദീനയിലെ തീർഥാടകരുടെ വസതികളിൽ നിന്ന് ചെക്ക് ഇൻ ബാഗുകളുടെ ശേഖരണം ഉൾപ്പെടെയുള്ള പ്രത്യേക സഹായവും ലഭ്യമാക്കും. കാറ്ററിംഗ് സേവനങ്ങളിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ഒരു മീൽ ബോക്‌സ്, വിമാനത്തിനുള്ളില്‍ ഹോട്ട് മീൽ സർവീസ്, ഇറങ്ങുമ്പോൾ പായ്ക്ക് ചെയ്ത ലഘുഭക്ഷണം എന്നിവ ഉൾപ്പെടും. സാധാരണയുള്ള 7 കിലോ ഹാൻഡ് ബാഗേജ് അലവൻസിനൊപ്പം രണ്ട് ഭാഗങ്ങളിലായി 40 കിലോ ബാഗേജ് അലവൻസും ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് സംസം വെള്ളത്തിന്‍റെ ലഭ്യത ഉറപ്പാക്കും. മടക്ക ഫെറി വിമാനങ്ങളിൽ സംസം വെള്ളം എത്തിച്ച് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ സൂക്ഷിക്കും. ഓരോ തീർഥാടകനും 5 ലിറ്റർ കാൻ സംസം വെള്ളം നൽകും.
മെയ് 21 മുതൽ എയർ ഇന്ത്യ ചെന്നൈ, ജയ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ഹജ് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും യഥാക്രമം 46 സർവീസുകള്‍ നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യയും ചേർന്ന് ഏകദേശം 19,000 തീർഥാടകരെയാണ് ഹജ്ജ് കർമ്മങ്ങള്‍ക്കായി എത്തിക്കുന്നത്.


Reporter
the authorReporter

Leave a Reply