കാർഷിക യന്ത്രവത്ക്കരണ മിഷനിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് എഐടിയുസി
കൊഴിക്കോട്: എട്ട് വർഷത്തോളമായി സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക യന്ത്രവത്ക്കരണ മിഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം കാർഷിക യന്ത്രോപകരണങ്ങളുടെ പ്രവർത്തനങ്ങളിലും നൈപുണ്യ വികസന പരിശീലപ്രവർത്തനങ്ങളും നടത്തി കാർഷിക മേഖലയെ വികസനത്തിലേക്ക് നയിക്കുന്ന ഈ വിഭാഗം ജീവനക്കാർക്ക് ജോലി സ്ഥിരതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. പി വി മാധവൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് മുഖ്യപ്രഭാഷണം നടത്തി. നിധീഷ് എം സ്വാഗതവും അർജുൻ കെ കെ നന്ദിയും പറഞ്ഞു. സദാനന്ദൻ സിപി, യു സതീശൻ, ജിത കെ ജെ, ഐശ്വര്യ ജോൺസൺ, ഷിലി എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി ടി എം ശശി (പ്രസിഡന്റ്), ഐശ്വര്യ ജോൺസൺ, ജിതിൻ ജോർജ് (വൈ. പ്രസിഡന്റുമാർ), അശ്വിൻ മനോജ് (ജനറൽ സെക്രട്ടറി), ദിദീഷ് എം, അലൻദേവ് കെ (സെക്രട്ടറിമാർ), അജൽ കെ കെ (ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.











