മനുഷ്യര്‍ അങ്ങനെയാണ്. എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല. ചിലരെ കണ്ടിട്ടില്ലേ ഫോണ്‍ കോളില്‍ മുഴുകിയാല്‍ അവര്‍ പിന്നെ ഒന്നും അറിയില്ല. അതാരോടെങ്കിലും സംസാരിക്കുകയാണെങ്കിലും അല്ലെങ്കില്‍ വല്ല റീലോ വിഡിയോയോ കാണുകയാണെങ്കിലും ഇനി വണ്ടി ഓടിക്കുകയാണെങ്കിലും ശരി. ഇങ്ങനെ ഫോണില്‍ മുഴുകി ശ്രദ്ധക്കുറവ് കാരണം മറ്റുള്ളവര്‍ക്കും അവനവനും തന്നെ പണിയാക്കി വയ്ക്കുന്നവരുമുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഖാസിപൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇരുന്നു കൊണ്ട് ഫോണ്‍ ചെയ്യുകയാണ് ഒരു യുവാവ്. അവന്‍ ഫോണ്‍കോളില്‍ ആഴത്തില്‍ ലയിച്ചിരിക്കുകയാണ്. തീവണ്ടി ദൂരെ നിന്നു വരുന്നത് അവനു കാണാവുന്നതാണ്. എന്നാല്‍ അവന്‍ ഫോണില്‍ ലയിച്ചിരിക്കുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, ട്രാക്കില്‍ ഫോണുമായി ഇരിക്കുന്ന യുവാവിനെ ഡ്രൈവര്‍ കാണുന്നുണ്ട്.
അതുകൊണ്ട് തന്നെ ട്രെയിന്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചുകൊണ്ടാണ് വരുന്നത്. എന്നിട്ടും ചങ്ങാതി ഇതൊന്നും കേള്‍ക്കുന്നും അറിയുന്നുമില്ല. തൊട്ടടുത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് യുവാവ് കണ്ടത്. അപ്പഴും വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ എഴുന്നേറ്റ് ഫോണില്‍ തന്നെ തുടരുകയാണ്.
അങ്ങനെ ട്രെയിന്‍ തൊട്ടടുത്ത് നിര്‍ത്തുകയാണ് ഡ്രൈവര്‍. അയാള്‍ക്കത് കൃത്യമായി നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം. അതുകൊണ്ട് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍, കലി കയറിയ ട്രെയിന്‍ ഡ്രൈവര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി യുവാവിന്റെ പിന്നാലെ ഓടാന്‍ തുടങ്ങുന്നതും വിഡിയോയില്‍ കാണാം. യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവര്‍ ഒരു കല്ലെടുത്ത് ഇയാളെ എറിയുന്നുണ്ട്.