കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.
പാലേരി സ്വദേശി റെജിൽ ആണ് പുഴയിൽ മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം. കഴിഞ്ഞ ദിവസം ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവർ സ്ഥലത്തെത്തിയതെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. റെജിലിന്റെ മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്.
അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.