കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.
ബന്ധുക്കളോടൊപ്പമാണ് ഇവർ പുഴക്കരയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫോട്ടോഷൂട്ടിന് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചിരുന്നുവെന്നും ഇന്നത്തെ ദിവസം ബന്ധുക്കളോടൊപ്പം ഇവർ വിനോദയാത്രയ്ക്ക് എത്തിയതാണെന്നും പ്രദേശവാസികൾ പറയുന്നു.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.