General

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമാകുന്ന എല്ലാ പദ്ധതികളും നടപ്പാക്കും -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ

Nano News

രാഷ്ട്രീയ പോഷണ്‍ മാ’ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. എട്ടാമത് ‘രാഷ്ട്രീയ പോഷണ്‍ മാ 2025’ സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ വരെയുള്ള എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കണം. പോഷകാഹാരങ്ങളിലൂടെ ആരോഗ്യമുള്ള കുടുംബങ്ങളെ വളര്‍ത്തിയെടുക്കാനും നല്ല ഭക്ഷണ ശീലങ്ങളുണ്ടാക്കാനും ‘രാഷ്ട്രീയ പോഷണ്‍ മാ’ പദ്ധതിയിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ അഭിയാന്‍ 2.0 പ്രകാരം വനിതകള്‍, കൗമാരക്കാര്‍, ശിശുക്കള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയറ എസ് കെ പൊറ്റക്കാട് ഹാളില്‍ പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശനം, ആയുഷ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് സ്‌ക്രീനിങ്, സെമിനാര്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട ക്വിസ്, യോഗ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടന്നു.

ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷനായി. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി രനീഷ്, ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി പി അനിത തുടങ്ങിയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply