കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചേവായൂർ – ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നും 45 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയെ പിടികൂടി. കോഴിക്കോട് സിറ്റി കമ്മീഷണർ ടി. നാരായണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ.പവിത്രൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 28ന് പുലർച്ചെ ചേവരമ്പലം പുതിയോട്ടിൽ പറമ്പിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീടിന്റെ വാതിൽ തകർത്ത് അലമാരയിലും, മേശയിലും സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണാഭരണങ്ങളും, 10,000/- രൂപയുമാണ് മോഷ്ടിച്ചത്. ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം രണ്ടാം വാരം വീട് പൂട്ടി സ്വദേശമായ തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു,
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് അന്വേഷണസംഘം സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ആയതിൽ നിന്നും 28ന് പുലർച്ചെ1.30 ന് പ്രതി മോഷണം നടത്താന്‍ പോകുന്നതും 3.30 ന് മോഷണം നടത്തി തിരിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി. തുടർന്ന് ചേവരമ്പലത്തുള്ള പണിതീരാത്ത വീട്ടിൽ മോഷണമുതലുകളുമായി ഒളിച്ചിരുന്ന് 6 മണിയോട് കൂടി ചേവരമ്പലം ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ ഓട്ടോയുടെ നമ്പർ മനസ്സിലാക്കാൻ കഴിയാത്തതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് റെയിൽവെ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റെുകൾ മുതൽ കാരന്തൂർ വരെയുള്ള 220 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിയ്ക്കുകയും, ദൃശ്യങ്ങളിൽ പ്രതി മോഷണം നടന്നതിന്റെ തലേദിവസം വൈകുന്നേരം മുതൽ പല റസിഡൻസ് കോളനികളിലും ചുറ്റിക്കറങ്ങുന്നതായി കാണുകയായിരുന്നു.
തുടർന്ന് അന്വേഷണസംഘം സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നിന്നും പ്രതിയെ പറ്റിയും, ഇയാൾ ബംഗാൾ സ്വദേശിയാണെന്നും മനസ്സിലാക്കുകയായിരുന്നു.അന്വേഷണസംഘം പ്രതി വെസ്റ്റ് ബംഗാളിലെ റാൺഘട്ട് എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി ഫ്ലൈറ്റ് വഴി പെട്ടെന്ന് തന്നെ റാൺഘട്ടിലെത്തുകയും, റാൺഘട്ട് പോലീസിന്റെ സഹായത്തോടെ പ്രതിയുടെ താമസ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ്. എ യുടെ നേതൃത്വത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ. ദിവാകരൻ, മിജോ ജോസ്, സി.പി.ഒ വിജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ എസ്.കൈലേഷ്, പ്രജിത്ത് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വെസ്റ്റ് ബംഗാളിൽ നിന്ന് ട്രയിൻ മാർഗ്ഗം കോയമ്പത്തൂർ വഴി കോഴിക്കോട് എത്തിയ പ്രതി കാൽനടയായി സഞ്ചരിച്ച് ചേവരമ്പലത്ത് എത്തിച്ചേരുകയും, മോഷണം നടത്തി പിറ്റേ ദിവസം തന്നെ വെസ്റ്റ് ബംഗാളിലേയ്ക്ക് ട്രയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. പ്രതിയായ തപസ് കുമാർ സാഹ ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും, ഇയാൾക്ക് ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസ്സുകളും, മയക്കുമരുന്ന് കേസ്സുകളും നിലവിലുണ്ടെന്നും, പ്രതി ട്രയിൻ മാർഗ്ഗം ഒറ്റയ്ക്ക് സഞ്ചരിച്ച് മോഷണം നടത്തി അന്നുതന്നെ തിരിച്ചുപോകുന്നതാണ് മോഷണരീതി.
പ്രതി കേരളത്തിൽ സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.