ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്. കാപിറ്റോൾ കലാപത്തിലെ 1600 പ്രതികൾക്ക് മാപ്പ് നൽകി ഉത്തരവിറങ്ങി. ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ബൈഡൻ്റെ കാലത്തെ എഴുപതോളം ഉത്തരവുകളും റദ്ദാക്കി.
200 ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് ഇത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ലോകാരോഗ്യസംഘടനയിൽ നിന്നും അമേരിക്ക പിൻമാറുന്നതിനുള്ള തീരുമാനം. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്ന് വിലയിരുത്തി അതിൽ നിന്നും പിൻമാറുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ട്രംപ്. ഇത് ലോകമാകെ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതാണ് രീതി. ഇതിൽ നിന്നും അമേരിക്ക പിൻമാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം തന്നെ താളംതെറ്റും.
പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നാണ് മറ്റൊരു തീരുമാനം. ഇതോടുകൂടി അന്തരീക്ഷത്തെ വിഷമയമാക്കുന്ന വാതകങ്ങളുടെ പുകമയം കുറക്കണമെന്ന ബാധ്യതയിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്. ഒരു വ്യവസായ രാജ്യമായി രാജ്യം മാറുന്നതിന് ഈ ഉടമ്പടി തടസ്സമാണെന്ന് നിലപാടെടുത്താണ് ട്രംപ് ഇതിൽ നിന്നും മാറുന്നത്. തീരുമാനം അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിക്കും. എന്നാൽ ഈ പിന്മാറ്റം പ്രാവർത്തികമാകാൻ ഒരു വർഷമെടുക്കും.
കൂടാതെ മറ്റൊരു പ്രധാനപ്പെട്ട ഉടമ്പടിയാണ് പൊതുമാപ്പ് നൽകാനുള്ള തീരുമാനം. നാലുവർഷം മുമ്പ് ട്രംപിൻ്റെ പരാജയം അംഗീകരിക്കാൻ സമ്മതിക്കാതെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘർഷമുണ്ടാക്കിയ തൻ്റെ അനുയായികൾക്ക് മാപ്പ് നൽകിയിരിക്കുകയാണ്. പ്രസിഡൻ്റിൻ്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ട്രംപിൻ്റെ നടപടി. ജനുവരി 6 നായിരുന്നു ക്യാപിറ്റോൾ മന്ദിര കലാപം നടന്നത്. ഈ കലാപത്തിൽ ശിക്ഷിക്കപ്പെട്ട 1600 ഓളം പേരെ വിട്ടയക്കാനാണ് തീരുമാനം. ഇവർക്ക് മാപ്പ് നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചതായാണ് റിപ്പോർട്ട്. അതിനിടെ, അമേരിക്കയുടെ മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപന ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചു. ഇനി ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കാൻ കഴിയും. സർക്കാർ ജീവനക്കാരെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവസ്ഥയിലേക്ക് അവരുടെ സേവന വ്യവസ്ഥകൾ മാറ്റുന്ന ഉത്തരവുകളിലും ട്രംപ് ഒപ്പുവെച്ചു. അതേസമയം, ഈ ഉത്തരവുകളെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്