Wednesday, January 22, 2025
General

‘ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി’, അമ്മയെ കൊലപ്പെടുത്തിയ പ്രതി


കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിൽക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. അമ്മയെ കൊലപ്പെടുത്തിയതിൽ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോൾ പ്രതിയുടെ പ്രവർത്തികൾ. ആഷിഖിന്റെ വൈദ്യപരിശോധന പൂർത്തിയായി.

താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടിൽ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസിൽ ഏൽപിച്ചത്.

മരിച്ച സുബൈദയുടെ മൃതദേഹം മെഡിക്കൽ കോളേജിലാണ്. 25കാരനായ മകൻ ആഷിഖ് പൊലീസ് കസ്റ്റഡിയിലാണുള്ളത്. സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി എന്നാണ് ഇന്നലെ കൊലപാതകത്തിന് ശേഷമുള്ള മകന്റെ വാക്കുകളെന്ന് നാട്ടുകാർ പറഞ്ഞു.


Reporter
the authorReporter

Leave a Reply