കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി.
രാജ്യവ്യാപകമായ പ്രതിഷേധത്തിനും ശക്തമായ രോഷത്തിനും ഇടയാക്കിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച്ച.
സിറ്റി പൊലീസില്‍ സിവില്‍ വോളന്റിയറായിരുന്ന സഞ്ജയ് റോയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 ന് വടക്കന്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ബിരുദാനന്തര ബിരുദധാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.കോടതി വിചാരണ ആരംഭിച്ച് 57 ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവം എന്നത് ശ്രദ്ധേയമാണ്. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10 ന് കേസ് അന്വേഷിച്ച കൊല്‍ക്കത്ത പൊലിസ് റോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്‍ക്കട്ട ഹൈക്കോടതി പിന്നീട് കേസ് സിബിഐയെ ഏല്‍പ്പിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 12ന് ആരംഭിച്ച ആരംഭിച്ച വിചാരണയില്‍ 50 സാക്ഷികളെ വിസ്തരിച്ചു. റോയിയുടെ വിചാരണ ജനുവരി 9ന് അവസാനിച്ചിരുന്നു.
കുറ്റകൃത്യത്തില്‍ മറ്റു ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാല്‍ അവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ വിചാരണ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.
ഈ കുറ്റകൃത്യം രാജ്യവ്യാപകമായ രോഷത്തിനും ഇരയ്ക്ക് നീതി ലഭിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നീണ്ട പ്രതിഷേധത്തിനു കാരണമായിരുന്നു. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രൂരമായ കുറ്റകൃത്യത്തില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അരാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു.
കൊല്‍ക്കത്തയിലെ ഫുട്ബോള്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മൊഹമ്മദന്‍ സ്പോര്‍ട്ടിംഗ് എന്നിവയെ പിന്തുണക്കുന്ന കായികപ്രേമികളും ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.
ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗവും കൊലപാതകവും സംബന്ധിച്ച് സ്വമേധയാ കേസ് എടുത്ത സുപ്രീം കോടതി രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെയും മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സുരക്ഷയ്ക്കായി ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കാനായി ദേശീയ ടാസ്‌ക് ഫോഴ്സ് (എന്‍ടിഎഫ്) രൂപീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍ടിഎഫ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.