കോഴിക്കോട്: കോഴിക്കോടിന്റെ അടയാളങ്ങളിൽ ഒന്നായിരുന്ന റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടം ഇനി ഓർമയാവും. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് കോഴിക്കോട് എന്ന് ആലേഖനം ചെയ്ത പ്രധാന കവാടവും ക്ലോക്ക് ടവറും അടക്കമുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ അടയാളമായിരുന്ന കെട്ടിടമാണ് ശനിയാഴ്ച പൊളിച്ചുതുടങ്ങിയത്.
റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്കോ തയാറാക്കിയ 473 കോടി രൂപയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടറും വിസിറ്റേഴ്സ് ലോഞ്ചും ഉൾക്കൊള്ളുന്ന കെട്ടിടം പൊളിച്ചുനീക്കുന്നത്. ഇതിന്റെ മുന്നോടിയായി ടിക്കറ്റ് കൗണ്ടറും മറ്റ് ഓഫിസുകളും നാലാം പ്ലാറ്റ് ഫോമിലേക്ക് മാറ്റിയിരുന്നു. ഭക്ഷണശാലകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
2023 ഏപ്രിൽമുതലാണ് സ്റ്റേഷൻ നവീകരണ പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള കെട്ടിടങ്ങളിൽ 90 ശതമാനവും പൊളിച്ചുമാറ്റിയാണ് പുതിയകെട്ടിട സമുച്ചയം നിർമിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റും വിധത്തിലാണ് ഒന്നും നാലും പ്ലാറ്റ്ഫോമുകളിൽ അഞ്ചുനില കെട്ടിടം ഉയരാൻ പോകുന്നത്. ഈ കെട്ടിടങ്ങളിൽ രണ്ട് നിലകളും യാത്രക്കാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമാണ് വിനിയോഗിക്കുക. ബാക്കി മൂന്ന് നിലകളും മാൾമുതൽ മൾട്ടിപ്ലക്സ് വരെ നിർമിക്കാൻ വാണിജ്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കും. നിലവിലുള്ള പ്ലാറ്റ്ഫോമുകൾക്കു പകരം രണ്ടര ഇരട്ടി അധികം വീതിയിലാണ് പുതിയ ഒന്ന്, നാല് പ്ലാറ്റ്ഫോമുകൾ വരുന്നത്. നിലവിലുള്ള 10 മീറ്റർ വീതിയിൽനിന്ന് 26 മീറ്റർ വീതിയിലാവും പുതിയ പ്ലാറ്റ്ഫോമുകൾ വരുന്നത്.
സ്റ്റേഷന് കിഴക്കുഭാഗത്തെ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കി പുതിയ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. നിലവിലുള്ള കോർപറേഷൻ റോഡ് പഴയ ക്വാർട്ടേഴ്സുകളുടെ സ്ഥാനത്തേക്കു മാറും. റെയിൽവേ സ്റ്റേഷനുവേണ്ടി നിർമിക്കുന്ന കെട്ടിടവും പ്ലാറ്റ്ഫോമിലേക്കുള്ള അനുബന്ധറോഡും നിർമിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്ഥലം ആവശ്യമായിവരും. ഇതിനായാണ് റോഡ് കൂടുതൽ കിഴക്കുഭാഗത്തേക്കു മാറ്റുന്നത്.
സ്റ്റേഷന് പടിഞ്ഞാറുഭാഗത്ത് വലിയങ്ങാടിയെയും ഫ്രാൻസിസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയൊരു റോഡ് നിർമാണം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. 2027 ജൂണിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് വിലയിരുത്തൽ. പ്രവൃത്തിക്ക് വേഗമില്ലെന്ന് ആക്ഷേപത്തെത്തുടർന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെയും എം.കെ. രാഘവൻ എം.പിയുടെയും നേതൃത്വത്തിൽ എല്ലാ മാസവും അവലോകനയോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ യോഗം ജനുവരി നാലിന് നടന്നു.