Saturday, November 23, 2024
Politics

പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ, ചേലക്കരയിൽ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക


തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്.

11 മണിയോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. ചേലക്കരയിൽ യു ആർ പ്രദീപ് എട്ടായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 1388 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്.

പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. അഞ്ചാം റൌണ്ടിൽ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിലാണ് ബിജെപി ലീഡ് പിടിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.

വയനാട്ടിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് മുന്നേറുന്ന. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.


Reporter
the authorReporter

Leave a Reply