മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് വീട്ടില്‍ തിരികെയെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസിക പ്രയാസം മൂലമാണ് താന്‍ നാടുവിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് മുതല്‍ കാണാതായ പി.ബി ചാലിബ് കഴിഞ്ഞ ദിവസം ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ ഫോണ്‍ ഓണായപ്പോഴാണ് തിരികെ വരികയാണെന്ന് ചാലിബ് ഭാര്യയെ അറിയിച്ചത്.
ഇന്നലെ രാവിലെ 8.50ന് ഭാര്യയുമായി ചാലിബ് ഫോണില്‍ സംസാരിച്ചപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് നേരിയ അറുതിയായത്. വെള്ളിയാഴ്ച രാവിലെ ഭാര്യയുമായുള്ള സംഭാഷണത്തില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഫോണ്‍ വീണ്ടും സ്വിച്ച് ഓഫ് ആയി. പിന്നീട് വൈകീട്ട് 4.15 ഓടെ ഫോണ്‍ വീണ്ടും ഓണായ സമയത്ത് ഭാര്യ വിളിച്ചപ്പോഴാണ് തിരിച്ചു വരികയാണെന്ന് അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ ചാലിബ് കര്‍ണാടകയിലെ ഉഡുപ്പിയിലാണുള്ളതെന്ന് വിവരം ലഭിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ട് 5.15 ന് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. പിന്നീട് വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലിസ്, എക്‌സൈസ് സംഘം ഉണ്ടെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ തിരൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.