മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 121 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി. 25 റണ്‍സ് വിജയത്തോടെ ന്യൂസീലന്‍ഡ് പരമ്പര 3-0ന് സ്വന്തമാക്കി. പതിനൊന്നു വിക്കറ്റുകള്‍ വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് പൊരുതിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 57 പന്തുകള്‍ നേരിട്ട പന്ത് 64 റണ്‍സെടുത്തു പുറത്തായി.
മൂന്നാം ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11 പന്തില്‍ 11), യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), ശുഭ്മന്‍ ഗില്‍ (ഒന്ന്), വിരാട് കോലി (ഒന്ന്), സര്‍ഫറാസ് ഖാന്‍ (ഒന്ന്) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായി മടങ്ങിയത്. സ്‌കോര്‍ 13ല്‍ നില്‍ക്കെ മാറ്റ് ഹെന്റിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ഗില്ലിനേയും കോലിയേയും അജാസ് പട്ടേല്‍ മടക്കിയയച്ചു. യശസ്വി ജയ്‌സ്വാളിനെ ഫിലിപ്‌സ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ രചിന്‍ രവീന്ദ്ര ക്യാച്ചെടുത്തു പുറത്താക്കി.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 147 റണ്‍സ് എന്ന വിജയലക്ഷ്യത്തില്‍ തട്ടിയാണ് മുംബൈയില്‍ ഇന്ത്യ പരാജയം രുചിച്ചത്. മൂന്നാം ദിവസം 45.5 ഓവറില്‍ 174 റണ്‍സെടുത്ത് ന്യൂസീലന്‍ഡ് പുറത്തായി. രണ്ട് ഇന്നിങ്‌സിലുമായി മുംബൈ ടെസ്റ്റില്‍ 10 വിക്കറ്റുകളാണ് ജഡേജ എറിഞ്ഞിട്ടത്.
രണ്ടാം ഇന്നിങ്‌സില്‍ വില്‍ യങ് അര്‍ധ സെഞ്ചറി നേടി. 100 പന്തുകള്‍ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി. ഗ്ലെന്‍ ഫിലിപ്‌സ് (14 പന്തില്‍ 26), ഡെവോണ്‍ കോണ്‍വെ (47 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (44 പന്തില്‍ 21), മാറ്റ് ഹെന്റി (16 പന്തില്‍ 10), ഇഷ് സോഥി (എട്ട്), രചിന്‍ രവീന്ദ്ര (നാല്), ടോം ബ്ലണ്ടല്‍ (നാല്), ക്യാപ്റ്റന്‍ ടോം ലാഥം (ഒന്ന്) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ മറ്റ് ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും, ആകാശ് ദീപ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.