കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലിസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലിസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം 38 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത് . യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകള്‍ ജാമ്യം നല്‍കുന്നതിന് കാരണമല്ലെന്നും ഹർജിക്കാരിയുടെ പ്രവര്‍ത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എ.ഡി.എമ്മിനെ അപമാനിക്കലായിരുന്നു പി പി ദിവ്യയുടെ ലക്ഷ്യം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കും. സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ല. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസ് അല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹർജി ഇന്ന് കോടതി തള്ളിയിരുന്നു.