Saturday, November 23, 2024
General

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്


കണ്ണൂര്‍: പ്രശാന്തിന് എതിരായ പരാതിയില്‍ ഒടുവില്‍ വിശദീകരണം തേടി ആരോഗ്യ വകുപ്പ്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്. സര്‍വീസ് ചട്ടം ലംഘിച്ചിരുന്നോ എന്നതില്‍ റിപ്പോര്‍ട്ട് നല്‍കും.

പ്രശാന്തിനെ പുറത്താക്കണമെന്ന പരാതിയിലാണ് ഈ നടപടി. നേരത്തെ വിവാദങ്ങളുണ്ടായിട്ടും പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് പ്രശാന്ത്. ജോലിയിലിരിക്കെ പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതായിരുന്നു ആരോപണ വിഷയം.

പ്രശാന്തിന്റെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ എഡിഎമ്മിനെ യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപിച്ചിരുന്നത്. അനുമതി നല്‍കുന്നത് ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും പിപി ദിവ്യ ആരോപിച്ചിരുന്നു.

അതേസമയം, എഡിഎം നവീന്‍ ബാബു ജീവനൊടുക്കി ഒരാഴ്ച്ച പിന്നിട്ടിട്ടും പി.പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനം വരാന്‍ കാത്തിരിക്കുകയാണ് പൊലിസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

പൊലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ഇതുവരെ ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കാന്‍ സധ്യത. കലക്ടറുടെ മൊഴി പൊലിസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.


Reporter
the authorReporter

Leave a Reply