കോഴിക്കോട്: ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന എലത്തൂരിലെ അറുനൂറിൽപരം കുടുംബങ്ങൾക്ക് ജിക്ക, ജലജീവൻ, അമൃത് പദ്ധതി പ്രകാരം പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ജലവിതരണം കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അടിയന്തര പ്രധാന്യം അർഹിക്കുന്ന അറ്റകുറ്റപണികൾ കാലതാമസം കൂടാതെ നടത്തണമെന്നും പത്രമാധ്യമങ്ങളിൽ കൂടി മുൻകൂട്ടി അറിയിക്കാതെ ജലവിതരണം തടസ്സപ്പെടുത്തരുതെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
5 ലക്ഷം ലിറ്റർ മാത്രം സംഭരണശേഷിയുള്ള പഴയ ഉപരിതല ടാങ്കിനു പകരം ജിക്ക പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച 52 ലക്ഷം ലിറ്റർ ജലസംഭരണി പ്രവർത്തന ക്ഷമമാക്കാൻ കഴിയാത്തതാണ് കുടിവെള്ള വിതരണത്തിന് പ്രധാന തടസമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. ടാങ്കിൽ നിന്ന് ജലവിതരണത്തിന് പുതിയ പൈപ്പ് സ്ഥാപിക്കാൻകഴിഞ്ഞിട്ടില്ല. കോടതിയിലുള്ള സിവിൽ കേസാണ് കാരണം. കാലപഴക്കം ചെന്ന എ.സി പൈപ്പുകൾ മുഴുവനായും മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജിക്ക പദ്ധതി പ്രകാരം പ്രവൃത്തികൾ നടന്നുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എലത്തൂർ ദർശന റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.പുരുഷേത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.