കോഴിക്കോട്: വേങ്ങേരി ജങ്ഷൻ മേൽപ്പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി വേങ്ങേരി ജങ്ഷൻ അടച്ചതിന്റെ അമർഷവും ദുരിതവും പേറിയവർക്ക് ആശ്വാസമായാണ് ഞായറാഴ്ച ഉച്ചയോടെ മേൽപ്പാലം തുറന്നുകൊടുത്തത്. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പിയുടെ (വെഹിക്കിൾ ഓവർ പാസ്) നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്. അസി. പൊലീസ് കമീഷണർ സുരേഷ് ബാബു പ്രാവിനെ പറത്തിയാണ് റോഡ് തുറന്നുകൊടുത്തത്.
എം.കെ. രാഘവൻ എം.പി സ്ഥലത്തെത്തിയിരുന്നു. ബസ് ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ പ്രസിഡന്റ് ഷമീർ, സെക്രട്ടറി മനോജ് യുനൈറ്റഡ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഉദ്ഘാടനം ആഘോഷമാക്കി. മൂന്നു മാസത്തേക്ക് അടച്ച റോഡാണ് ഒന്നര വർഷത്തോളം അടഞ്ഞുകിടന്നത്. വാഹനങ്ങൾ വഴിമാറ്റി വിട്ടതിനാലും ഗതാഗതക്കുരുക്കിനാലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കണക്കുണ്ടായിരുന്നില്ല.
വഴിതിരിച്ചുവിട്ടതിനാൽ ചുറ്റിവളഞ്ഞുള്ള യാത്രയും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ഗതാഗതവുംമൂലം വാഹനങ്ങൾക്കു സംഭവിച്ച കേടുപാടുകൾകൊണ്ട് വൻ നഷ്ടമാണ് ബസ് ഉടമകൾക്ക് സംഭവിച്ചത്. ദുഷ്കരയാത്രമൂലം ബസ് ജീവനക്കാർ പലതവണ പണിമുടക്കിയിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെത്തുടർന്ന് മാളിക്കടവ്-തണ്ണീർപ്പന്തൽ പാതയിൽ നാട്ടുകാർ വാഹനം തടഞ്ഞതിനാൽ ബസുകൾ വീണ്ടും ചെറുകുളം, പറമ്പിൽബസാർ വഴി തിരിച്ചുവിടുകയായിരുന്നു. മേൽപ്പാലം ഉടൻ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളും വ്യാപാരികളും വിവിധഘട്ടങ്ങളിൽ പ്രതിഷേധമാർച്ചും നടത്തിയിരുന്നു.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മഴയും കാരണം പലതവണ നിന്നുപോയ പ്രവൃത്തിയാണ് ഏറെ വൈകി പാതി പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വാഹനങ്ങൾക്ക് വേങ്ങേരി, തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. ബാലുശ്ശേരി, പേരാമ്പ്ര, താമരശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയുന്നതിനാൽ ഏറെ യാതനകൾ ഒഴിവായി.
സ്വകാര്യ വ്യക്തി താൽക്കാലികമായി ഭൂമി വിട്ടുനൽകിയതാണ് ഗതാഗതം തുറന്നുകൊടുക്കാൻ സഹായകമായത്. വെങ്ങളം -രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലായിരുന്നു പാലം. പാതിഭാഗമായ 13.5 മീറ്റർ മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമാണം നേരത്തേ പൂർത്തിയായതായിരുന്നു.
ആറുവരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയപാത നിർമിക്കുന്നതിനിടയിൽ കഴിഞ്ഞ ജനുവരിയിൽ ജലജീവൻ കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിച്ചു. ഇതേത്തുടർന്ന് നിർമാണം നിർത്തിവെച്ചിരുന്നു. സ്വകാര്യ വ്യക്തി സ്ഥലം നൽകാൻ സമ്മതിച്ചതോടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.