വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, വടകര സബ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂനിയൻ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ അൽഹിന്ദ് ട്രാവൽസിനു മുന്നിലും വടകര ഭാഗത്തേക്കുള്ള ബസുകൾ വി.എം കോംപ്ലക്സിനു മുന്നിലും നിർത്തി ആളെ കയറ്റിയിറക്കണം. കൂടുതൽ സമയം സ്റ്റോപ്പുകളിൽ നിർത്തിയിടരുത്. അൽഹിന്ദ് ട്രാവൽസ് മുതൽ പോസ്റ്റ് ഓഫിസ് വരെ ടൗണിൽ ഇരുവശത്തും വാഹന പാർക്കിങ് അനുവദിക്കില്ല.
പോസ്റ്റ് ഓഫിസ് മുതൽ വടകര ഭാഗത്തേക്കും അൽ ഹിന്ദ് ട്രാവൽസ് മുതൽ ആയഞ്ചേരി റോഡുവരെയും ഒരുവശത്തു മാത്രം പാർക്കിങ് ചെയ്യുക. കൊളത്തൂർ റോഡിൽ ഓട്ടോറിക്ഷ പാർക്കിങ് ഡോ. ഖാദറിന്റെ വീട് കഴിഞ്ഞുള്ള ഭാഗത്തായിരിക്കണം. യാത്രക്ക് തയാറായ രണ്ട് ഓട്ടോറിക്ഷ മാത്രം മുന്നിൽവെക്കാം. കൊളത്തൂർ റോഡിലും ഒരു വശത്തുമാത്രം വാഹനങ്ങൾ നിർത്തിയിടുക. ചരക്കുവാഹനങ്ങൾ രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് നാലു മുതൽ 5.30 വരെയും കയറ്റിറക്ക് പാടില്ല. ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാൻ കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കും.