Saturday, November 23, 2024
General

ബംഗളൂരു – കൊച്ചുവേളി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു


കൊല്ലം: ബംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസമായി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ബംഗളൂരു – കൊച്ചുവേളി റൂട്ടില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഇരു ദിശകളിലുമായി 13 വീതം സർവീസുകൾ ഉണ്ടാകും. ബംഗളൂരു കൊച്ചുവേളി സർവീസ് രാത്രി ഒമ്പതിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.15 ന് കൊച്ചുവേളിയില്‍ എത്തും. നാളെ, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ഇനി സർവീസ് നടത്തുക.

കൊച്ചുവേളിയില്‍ നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ബംഗളൂരുവില്‍ എത്തും. കൊച്ചുവേളിയില്‍ നിന്നുള്ള സർവീസ് ഇന്ന് ആരംഭിക്കും. 23, 26, 28, 30, സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളില്‍ കൊച്ചുവേളിയില്‍ സർവീസ് ഉണ്ടാകും. 16 എസി ത്രീ ടയര്‍ എക്കണോമി കോച്ചുകളും രണ്ട് ലഗേജ് വാനും ട്രെയിനിലുണ്ട്. 1,370 രൂപയാണ് ബംഗളൂരു – കൊച്ചുവേളി ടിക്കറ്റ് നിരക്ക്. കേരളത്തില്‍ തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്.

ട്രെയിനുകളും ബസുകളുമെല്ലാം ആഴ്ചകള്‍ക്കു മുമ്പേ ബുക്കിങ് പൂര്‍ത്തിയാക്കി സാഹചര്യത്തില്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ ട്രെയിന്‍ സർവീസ്.


Reporter
the authorReporter

Leave a Reply