Sunday, November 24, 2024
BusinessGeneral

പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു


മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.

വിൻഡോസ് പ്രശ്നം: ചെക് ഇൻ നടക്കുന്നില്ല, കൊച്ചിയിൽ വിമാനങ്ങൾ വൈകുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർ‍വീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല.

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു. ടെർമിനൽ 1-ലെ ഇൻഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ടെർമിനൽ 2-വിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിയാൽ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളിൽ നേരിയ താമസം മാത്രമേയുള്ളൂ. ഇൻഡിഗോ ഉൾപ്പെടെ സർവീസുകൾ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇൻ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഗോവ വിമാനത്താവളത്തിൽ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്നം കാരണം ലോകമാകെ പ്രതിസന്ധിയിലാണ്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply