കോഴിക്കോട്: ലോക പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതാന്‍ പ്രതിജ്ഞയെടുത്തു. മിഷന്‍ ലൈഫിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും പിന്തുണയോടെ ദേശീയ ഹരിത സേന ഇക്കോ ക്ലബ് വഴി പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൂടുതല്‍ കര്‍മ്മ പരിപാടികളും നടക്കും.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് സെന്‍റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് സ്കോളര്‍ മിഥുന്‍ വേണുഗോപാല്‍ നിര്‍വഹിച്ചു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ പരിസ്ഥിതി ദിന സന്ദേശം കൈമാറി.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. എം.എഫ്. ആന്റോ SJ അദ്ധ്യക്ഷനായിരുന്നു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗം പി. രമേഷ് ബാബു, ഹെഡ്‌മാസ്റ്റര്‍ സുനില്‍ ജോസ്, പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഇക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ രേഖ വാസുദേവന്‍ സ്വാഗതവും കാര്‍ത്തിക് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ സുഹൃത്തുക്കള്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി. പ്ലാസ്റ്റിക് വരുത്തുന്ന വിപത്തുകളെയും പ്ലാസ്റ്റിക് മാലിന്യം ദൂരീകരിക്കാനുള്ള മാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള ക്ലാസ് മിഥുന്‍ വേണുഗോപാല്‍ നയിച്ചു.