കൊച്ചി: കലാകൈരളി കലാസാഹിത്യ സാംസ്കാരിക വേദിയുടെ മഹാത്മജി പുരസ്കാരത്തിന് എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയും ഗാന്ധിയനും കവിയും സാഹിത്യകാരനും പരിസ്ഥിതി സംരക്ഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീമൻ നാരായണനെ തിരഞ്ഞെടുത്തു.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കിയതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വേനൽക്കാലത്ത് പക്ഷികൾക്ക് ജീവജലം നൽകാൻ ഒരുലക്ഷത്തിലേറെ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പുരസ്കാരം.
25678 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം മാർച്ച് മാസത്തിൽ സമ്മാനിക്കും.
മാൻകി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ച വ്യക്തിയാണ് ശ്രീമൻ നാരായണൻ. മഹാത്മാഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ ഇരുപത്തയ്യായിരത്തിലേറെ കോപ്പികളും ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത അയ്യായിരത്തിലേറെ ചിത്രങ്ങളുമാണ് ശ്രീമൻ നാരായണൻ സൗജന്യമായി വിദ്യാലയങ്ങളിലും വീടുകളിലും വിതരണം ചെയ്തത്. ഗാന്ധിമരങ്ങൾ എന്ന പേരിൽ സൗജന്യമായി ഗ്രാമത്തിലെ വിവിധ വീടുകളിൽ നട്ടുപിടിപ്പിച്ച് പരിപോഷിപ്പിച്ചുവരുന്ന ഫലവൃക്ഷങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 11000 ദേശീയപതാകകളും, കോവിഡ് ഭീഷണിക്കാലത്ത് ഒരുലക്ഷത്തോളം തുണി മാസ്കുകളും സൗജന്യമായി വിതരണം ചെയ്ത് സമൂഹത്തിന് മാതൃകയായ മഹത് വ്യക്തിയാണ് ശ്രീമൻ നാരായണൻ.
4 ലക്ഷത്തോളം ഫലവൃക്ഷ ഔഷധ തൈകളും അരലക്ഷത്തിലേറെ തുണിസഞ്ചികളും ഇതിനകം സൗജന്യമായി വിതരണം ചെയ്ത അദ്ദേഹം, കഴിഞ്ഞ 30 വർഷമായി മലയാളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങി പൊതുജനങ്ങൾക്ക് വായിക്കാൻ നാട്ടിലെ അദ്ദേഹത്തിന്റെ ദ്വാരക ഹോട്ടലിൽ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.