കോഴിക്കോട്: കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം.

കേരള സ്കൂൾ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ പരാതികൾ ഇല്ലാതെ മികച്ചരീതിയിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം വന്നെത്തിയ കേരള സ്കൂൾ കലോത്സവം റിവഞ്ച് സ്കൂൾ കലോത്സവമായി ജനങ്ങൾ ഏറ്റെടുത്തു. കമ്മിറ്റികൾ, അധ്യാപക, വിദ്യാർത്ഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ വകുപ്പുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനങ്ങൾ തുടങ്ങി എല്ലാവരും ഒന്നിച്ചു നിന്ന് കലോത്സവത്തെ വിജയിപ്പിച്ചു.
ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വ തൊഴിലാളികൾ, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികൾ, ദിവസേന കാൽലക്ഷം പേർക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയർമാർ, പോലീസ്, വിവിധ കമ്മിറ്റികൾ എന്നിവർ നടത്തിയത് മാതൃകാപരമായ പ്രവർത്തനമാണ്. ഏവരുടെയും ചടുലവും സമയബന്ധിതവുമായ ഇടപെടൽ കലോത്സവത്തെ പരാതികളില്ലാതെ മാതൃകാപരമായി നടപ്പാക്കാൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി സമ്മാനദാനം നിർവഹിച്ചു. കലോത്സവ നാളുകളിൽ ഇത്രയും വിദ്യാർത്ഥികൾ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ വേൾഡ് റെക്കോർഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികൾ അടുത്ത കലോത്സവം മുതൽ ഉണ്ടാകും.
എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിന്തുണകൊണ്ടും ഉജ്ജ്വല വിജയം നേടിയ കലോത്സവമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട സുവനീർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കളെ ചടങ്ങിൽ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവൻ കുട്ടി എന്നിവർ ചേർന്ന് ആദരിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഉപഹാരം നൽകി

ഗായിക കെ. എസ് ചിത്ര പ്രത്യേക ക്ഷണിതാവായിരുന്നു.
എം. കെ രാഘവൻ എം. പി, എളമരം കരീം എം. പി, എം. എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. കെ എം സച്ചിൻ ദേവ്, ടി. പി രാമകൃഷ്ണൻ, ഇ. കെ വിജയൻ, കെ. പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, പോലീസ് കമ്മീഷണർ രാജ് പാൽ മീണ, ചലച്ചിത്ര താരം വിന്ദുജ മേനോൻ
തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ടി. ഭാരതി നന്ദിയും പറഞ്ഞു.










